08:22am 08 November 2026
NEWS
മതേതരത്വം മരിക്കുമ്പോൾ ജസ്നയുടെ ഭക്തി കലാപ ശ്രമമാകും
13/04/2025  11:05 AM IST
nila
മതേതരത്വം മരിക്കുമ്പോൾ ജസ്നയുടെ ഭക്തി കലാപ ശ്രമമാകും
HIGHLIGHTS

അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും പള്ളിപെരുന്നാളിനും ചന്ദനക്കുടത്തിനും മറ്റ് മതസ്ഥർ ഒരു ഫ്ലെക്സ് വെക്കുന്നതിൽ ഒതുങ്ങണം ഇവിടുത്തെ മതേതരത്വം എന്നാണോ പൊലീസും ദേവസ്വം ബോർഡും ചിന്തിക്കുന്നത്? 

അന്യമത വിദ്വേഷം മറ്റേതൊരു കാലത്തേക്കാളും രൂക്ഷമാണ് ഇന്ന് കേരളത്തിൽ. അന്യമതസ്ഥരുടെ ആചാരങ്ങളിൽ പങ്കാളികളാകരുതെന്നും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും ആഹാരം പങ്കുവെച്ച് കഴിക്കരുത് എന്നുമെല്ലാം പരസ്യമായി ആഹ്വാനം ചെയ്യുന്ന മതനേതാക്കൾ ഇന്ന് കേരളത്തിലുണ്ട്. മറ്റൊരു മതത്തോട് ഇഷ്ടം തോന്നിയാൽ ശത്രുവായി മുദ്രകുത്തി ദ്രോഹിക്കാനും മടിക്കാത്ത മതസ്നേ​ഹികൾ ഈ നാട്ടിലുണ്ട്. അത്തരമൊരു അന്തരീക്ഷത്തിലാണ് തന്റെ മതവിശ്വാസം ഉപേക്ഷിക്കാതെ മറ്റൊരു മതത്തിലെ ​ദേവനെ ഇഷ്ടപ്പെടുകയും വരയ്ക്കുകയും ചെയ്യാൻ കോഴിക്കോട് സ്വദേശിനി ജസ്‌ന സലീം തയ്യാറായത്. സ്വന്തം മതത്തിൽ നിന്നും നേരിട്ട ഭീഷണികളെ പോലും അതിജീവിച്ചാണ് ആ യുവതി ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്നതും തനിക്ക് കൃഷ്ണൻ എന്ന ഹിന്ദു ഭ​ഗവാനോടുള്ള അടങ്ങാത്ത ഭക്തിയെ കുറിച്ച് പറയുന്നതും. എന്നാൽ, ​ഗുരുവായൂരമ്പലത്തിലെ ഒരു കൃഷ്ണ പ്രതിമയിൽ മാലയിട്ടു എന്ന കാരണം പറഞ്ഞ് പൊലീസ് കേസെടുത്തതോടെ കേരളത്തിലെ മതേതരത്വം മരിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ശ്രീകൃഷ്ണ വി​ഗ്രഹത്തിൽ മാലചാർത്തി എന്ന കുറ്റമാണ് ജസ്നക്കെതിരെ പ്രചരിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കരുതിക്കൂട്ടിയുള്ള കെണി എന്ന് മനസിലാക്കാൻ സാധിക്കുന്ന ആരോപണം. ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ളതാണ് വി​ഗ്രഹം. ശ്രീകോവിലിന് പുറത്തുള്ള ദേവരൂപങ്ങളെല്ലാം പ്രതിമകൾ മാത്രമാണ്. വി​ഗ്രഹത്തിൽ ജസ്ന സലീം മാല ചാർത്തി എന്ന് പറയുമ്പോൾ ശ്രീകോവിലിൽ കടന്ന് മാലയിട്ടോ എന്ന സംശയം സാധാരണക്കാരിൽ ഉയരും. വാസ്തവത്തിൽ ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തുകയാണ് ജസ്ന ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി യുവതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾ തങ്ങളുടെ കാമുകനായോ ഭർത്താവായോ മകനായോ ഒക്കെ കണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് ശ്രീകൃഷ്ണൻ. അതുകൊണ്ട് തന്നെ ശ്രീകൃഷ്ണന്റെ പ്രതിമകളിൽ സ്ത്രീകൾ മാല ചാർത്തുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. ജസ്നയും ഒരു ശരാശരി ശ്രീകൃഷ്ണ ഭക്ത ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്തത്. ഫോട്ടോ​ഗ്രഫി നിരോധിച്ചിട്ടുള്ള ഇടത്ത് അനുവാദമില്ലാതെ വീഡിയോ ഷൂട്ട് ചെയ്തു എന്ന കുറ്റം മാത്രമാകും ജസ്നക്കെതിരെ ദേവസ്വം ബോർഡിനും ടെമ്പിൾ പൊലീസിനും ഉന്നയിക്കാനാകുക. എന്നാൽ, ജസ്ന വി​ഗ്രത്തിൽ മാലയിട്ടു എന്നതിന് പ്രാധാന്യം നൽകി നടക്കുന്ന പ്രചാരണം എന്താണ് ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ ഇവിടുത്തെ ഭരണകൂടവും പൊതു സമൂഹവും ​ഗൗരവമായ ചർച്ച നടത്തേണ്ടതുണ്ട്.

അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും പള്ളിപെരുന്നാളിനും ചന്ദനക്കുടത്തിനും മറ്റ് മതസ്ഥർ ഒരു ഫ്ലെക്സ് വെക്കുന്നതിൽ ഒതുങ്ങണം ഇവിടുത്തെ മതേതരത്വം എന്നാണോ പൊലീസും ദേവസ്വം ബോർഡും ചിന്തിക്കുന്നത്? കൂടിവന്നാൽ ഇതര മതസ്ഥരുടെ ഘോഷയാത്രകളിൽ നാരങ്ങാവെള്ളം കൂടി വിളമ്പാം. അതിനുമപ്പുറം ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലെ ദേവതാ സങ്കല്പത്തെ ഇഷ്ടപ്പെടാനോ ആരാധിക്കാനോ പാടില്ല എന്ന സന്ദേശമല്ലേ ജസ്ന സലീം എന്ന യുവതിക്കെതിരായ കേസിലൂടെ ദേവസ്വം ബോർഡും കേരള പൊലീസും നൽകുന്നത്. 

ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്നു എന്നതിന്റെ പേരിൽ സ്വസമുദായത്തിൽ നിന്നും വേട്ടയാടൽ നേരിടേണ്ടി വന്ന ഒരു യുവതിക്കൊപ്പം നിൽക്കാൻ ഏറ്റവും വലിയ ബാധ്യതയും ഉത്തരവാദിത്തവുമുള്ളത് ​ഗുരുവായൂർ ദേവസ്വത്തിന് തന്നെയാണ്. മത മൗവികവാദത്തിന്റെ പുറംതോട് പൊട്ടിച്ച് മതേതരത്വത്തിന്റെ നല്ല മാതൃകകൾ സൃഷ്ടിക്കുന്നവരുടെ ജീവനും സ്വത്തിനും മാത്രമല്ല, അവരുടെ ആത്മാഭിമാനത്തിനും നിലപാടുകൾക്കും സംരക്ഷണം ഒരുക്കാൻ ഭരണകൂടത്തിനും ബാധ്യതയുണ്ട്. ഇക്കാര്യങ്ങൾ മറന്നാണ് ജസ്ന സലീമിനെതിരെ ദേവസ്വവും പൊലീസും കേസുമായി മുന്നോട്ട് പോകുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img